വിരമിക്കുന്ന ദിനത്തിലും വിവാദം അവസാനിപ്പിക്കാതെ ജേക്കബ് തോമസ്

പാലക്കാട്: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദിനത്തിലും വിവാദം അവസാനിപ്പിക്കാതെ ഐ.പി.എസ് ഓഫീസർ ജേക്കബ് തോമസ്. മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായി വിരമിക്കുന്ന അദ്ദേഹം കമ്പനി ഷോറൂമിൽ നിന്ന് കത്തിയും മടവാളും ചിരവയും പണം നൽകി വാങ്ങിയാണ് പടിയിറങ്ങിയത്. അവസാന സർവീസ് ദിവസമായ ശനിയാഴ്ച ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്. ഓഫീസിലെ തറയിൽ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അഴിമതി വിരുദ്ധ നിലപാടിൽനിന്ന് സർക്കാർ പിന്നോട്ട് പോയതായും സർക്കാരിന്‍റെ മോശം പ്രകടനങ്ങൾക്ക് കാരണം ഉപദേശക വൃന്ദമാണെന്നും ജേക്കബ് തോമസ് വിമർശിച്ചു. തുല്യനീതി നടപ്പാക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി തന്നെ വേട്ടയാടുന്നത്. തിരിച്ചിറങ്ങുന്നത് മഴുവും ആയിട്ടാണെന്നും അദ്ദേഹം പറഞ്ഞു.