ദുബൈയിൽ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം

കണ്ണൂർ: ദുബൈയിൽ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം. കണ്ണൂർ, കാസർഗോഡ് സ്വദേശികൾക്കാണ് കൊവിഡ് രോഗ ലക്ഷണം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കൊവിഡ് പരിശോധന നടത്തും.
അതിനിടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയായ എയർഇന്ത്യ എയർട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ്. പുതുച്ചേരിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇയാളുടെ ബൈക്ക് മട്ടന്നൂരിൽവച്ച് അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്താവളത്തിന് തൊട്ടടുത്തുവച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അപകട സമയത്ത് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച ആളുകളടക്കം മുപ്പതോളം പേരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.