ജാഗ്രത!!! വയനാട്ടിലെ ആദിവാസി കോളനികളിലെ 650 പേർ ക്വാറന്‍റൈനിൽ


വയനാട്: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന വയനാട്ടിലെ മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്‍റൈന്‍ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സര്‍വാണി എന്നീ കോളനികളില്‍ ഉള്ളവരെയാണ് ക്വാറന്‍റൈന്‍ ചെയ്തത്. സംസ്ഥാനത്തെ രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ ഒരു ജനവിഭാഗത്തിനിടയിലാണ് കൊവിഡ് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നതെന്നത് ആശങ്കാജനകമാണ്.

ട്രക്ക് ഡ്രൈവറുടെ മകളുടെ ഭര്‍ത്താവ് നടത്തിയിരുന്ന ചായക്കടയിലും പലചരക്ക് കടയിലും കോളനികളില്‍ ഉള്ളവരില്‍ ഏറെ പേരും എത്തിയിരുന്നതായാണ് വിവരം. കോളനികളിലെ ജീവിത രീതി അനുസരിച്ച് ഒരാളില്‍ വൈറസ് ബാധിച്ചാല്‍ രോഗപ്പകര്‍ച്ച വളരെ വേഗത്തിലാകാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല ആദിവാസി വിഭാഗക്കാരിലേറെയും പോഷകാഹാരക്കുറവും വിളര്‍ച്ചയുമുളളവരുമാണ്. നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് കോളനികളും അഡിയ വിഭാക്കാരുടേതാണ്.

177 കോളനികളിലായി പതിമൂന്നായിരത്തില്‍ അധികം അഡിയരാണ് വയനാട്ടിലുളളത്. ഇവരാകട്ടെ ദിവസേന എന്നവണ്ണം പരസ്പരം ബന്ധപ്പെടുന്നവരുമാണ്. സമാനമായ സ്ഥിതിയാണ് പണിയര്‍ അടക്കമുളള മറ്റ് ആദിവാസികളുടെയും. പോഷകാഹാരക്കുറവും വിളര്‍ച്ചയും അമിത മദ്യപാനം സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങളുമുളള ഒരു വിഭാഗത്തിലേക്ക് കൊവിഡ് എത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സന്ദര്‍ശകരെ പൂര്‍ണമായും വിലക്കി കോളനികളില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

You might also like

Most Viewed