കൊവിഡ് രോഗ ലക്ഷണം: ബഹ്റൈനിൽ നിന്നെത്തിയ 4 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ ബഹ്റൈനിൽ നിന്ന് പ്രവാസികളുമായി കേരളത്തിലെത്തിയ വിമാനത്തിലെ നാല് പേർക്ക് കൊവിഡ് രോഗലക്ഷണം. കരിപ്പൂരിൽ വിമാനം ഇറങ്ങിയവർക്കാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ മൂന്ന് പേർക്കും പാലക്കാട് സ്വദേശിയായ ഒരാൾക്കുമാണ് ആദ്യ ഘട്ട പരിശോധനയിൽത്തന്നെ രോഗ ലക്ഷണങ്ങൾ കണ്ടത്. നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി.
ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. പുലർച്ചെ 12.40 നാണ് ഐ എക്സ് − 474 എയർ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ഇവരിൽ രോഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ള പ്രവേശിപ്പിക്കാതെ റണ്വേയിൽ തന്നെ ആംബുലൻസുകൾ കൊണ്ടുവന്ന് കൊവിഡ് ഐസുലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും.

