ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് വിഷുത്തലേന്ന് നഗരങ്ങളിൽ വൻതിരക്ക്; നടപടി കർശനമാക്കി പൊലീസ്

കോഴിക്കോട്: വിഷുത്തലേന്ന് സംസ്ഥാനത്തെ നഗരങ്ങളിൽ വലിയ തിരക്ക്. ലോക്ക്ഡൗണിൽ നിയന്ത്രിത ഇളവുണ്ടായതും വിഷുവിന്റെ സദ്യവട്ടമൊരുക്കാനുള്ള തിരക്കിലും ആൾക്കൂട്ടം കൊറോണയെ മറന്നു. കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ ജനക്കൂട്ടം റോഡിലിറങ്ങിയത് ജില്ലാ ഭരണകൂടത്തെയും പോലീസിനേയും വലച്ചു. സാധാരണ ദിവസത്തെ പോലെയായിരുന്നു സംസ്ഥാനത്ത് ജനങ്ങൾ മാർക്കറ്റിലും റോഡിലും ഇറങ്ങിയത്. പലപ്പോഴും പോലീസുകാർക്ക് പോലും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയായി. കൊറോണ ഹോട്ട്സ്പോട്ടിൽ പെട്ട ജില്ലയാണ് കോഴിക്കോടെങ്കിലും ഇത്രയും ദിവസത്തെ അടച്ചുപൂട്ടൽ അപ്പാടെ ജനങ്ങൾ മറന്ന അവസ്ഥയായിരുന്നു. വിഷുക്കണിയും സദ്യയുമൊരുക്കാനായി കിലോമീറ്റർ വാഹനമോടിച്ച് ആളുകൾ നഗരത്തിലെത്തി. പോലീസ് പരിശോധന ശക്തമാണെങ്കിലും സത്യവാങ്മൂലം കാണിച്ചാണ് ആളുകൾ നിരത്തിലിറങ്ങിയത്.
തിരക്ക് കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാകളക്ടറും സബ്കളക്ടറും നേരിട്ടെത്തി ആളുകളെ നിയന്ത്രിച്ചു. പലകടകളിലും ആളുകൾ കൂടി നിന്നത് കച്ചവടം വീണ്ടും കടുത്ത നിയന്ത്രണത്തിലാക്കി മാറ്റി. മൂന്ന് പേരിൽ അധികം കൂടി നിന്നാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും വന്നു.
വിഷുവിന്റെ തലേദിവസം പാളയത്ത് കാണാറുള്ള സാധാരണയുള്ള അത്ര തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും സദ്യയൊരുക്കാനുള്ള ആവേശത്തിൽ തന്നെയായിരുന്നു ഇതുവരെ വീട്ടിലിരുന്നവർ. പച്ചക്കറി വരവിൽ കുറവുണ്ടായിരുന്നുവെങ്കിലും വലിയ വിലക്കയറ്റവുമുണ്ടായിട്ടില്ല.