ഡൽഹി ക്യാൻസർ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി


ന്യൂഡൽഹി: ഡൽഹി ക്യാൻസർ ആശുപത്രിയിൽ മൂന്ന് പേർക്ക് കൂടി തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒരു ക്യാൻസർ രോഗിക്കും അറ്റൻഡർക്കും സെക്യൂരിറ്റിക്കുമാണ് പുതുതായി വൈറസ് പിടിപെട്ടത്. ഇതോടെ ആശുപത്രിയിൽ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. ആശുപത്രിയിലെ ഒരു ഡോക്ടർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ സഹോദരനിൽ നിന്നാണ് ഡോക്ടർക്ക് വൈറസ് ബാധിച്ചിരുന്നത്. ഇതിന് പിന്നാലെ ആശുപത്രിയിൽ ഡോക്ടറുമായി ഇടപഴകിയ മറ്റ് മൂന്ന് ഡോക്ടർമാർക്കും വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള നാല് ക്യാൻസർ രോഗികൾക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്നിന് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ നിരവധി ക്യാൻസർ രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. നിലവിൽ 1154 പേർക്കാണ് ഡൽഹിയിൽ വൈറസ് സ്ഥിരീകരിച്ചത്. 24 പേർ മരണപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed