ഞാൻ എന്നെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ല അധികാരമുണ്ടായിരുന്നെങ്കിൽ പൗരത്വ നിയമഭേദഗതി ബലം പ്രയോഗിച്ച് നടപ്പാക്കിയേനെ


തിരുവനന്തപുരം: താൻ തന്നെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ലെന്നും രാജ്യത്തെ വിഭജിച്ചത് കോൺഗ്രസാണെന്നും പറഞ്ഞുകൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മലയാള സ്വകാര്യ ചാനലുമായുള്ള സംഭാഷണത്തിലാണ് മുഹമ്മദ് ഖാൻ ഇക്കാര്യങ്ങൾ പറഞ്ഞത്. രാജ്യത്ത് പൗരത്വ നിയമഭേദഗതി നടപ്പാക്കണം എന്നാണ് തന്റെ പക്ഷമെന്നും അതിനോട് അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ന്യൂനപക്ഷം ഇന്നും വിവേചനം അനുഭവിക്കുന്നുണ്ട്. അവർ അടിച്ചമർത്തപ്പെടുകയാണ്. അങ്ങനെയുള്ളവരെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് ബാദ്ധ്യതയുണ്ട്. അദ്ദേഹം പറയുന്നു. കോൺഗ്രസ് സമ്മതം നൽകിയതിനാലാണ് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു.

സർവ്വ കക്ഷിയോഗം ബഹിഷ്കരിച്ച് ബി.ജെ.പി
അധികാരമുണ്ടായിരുന്നെങ്കിൽ പൗരത്വ നിയമഭേദഗതി രാജ്യത്ത് ബലം പ്രയോഗിച്ച് നടപ്പാക്കുമായിരുന്നുവെന്നും ഗവർണറെന്ന നിലയിൽ നിയമത്തെ സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ നിയമം നടപ്പാക്കണമെന്ന് കേരള സർക്കാരിനെ ഉപദേശിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ചത് ചരിത്രകാരനായ ഇർഫാൻ ഹബീബാണെന്നും അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കാര്യപരിപാടിയിൽ അദ്ദേഹത്തിന്റെ പേരില്ലായിരുന്നുവെന്നും പേരില്ലാത്ത പരിപാടിയിലാണ് അദ്ദേഹം ഇടപെട്ട് സംസാരിച്ചതെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു. ഇർഫാൻ ഹബീബ് സംസാരിച്ചതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടെന്നും ചോദ്യങ്ങൾ ഉണ്ടായാൽ ഉത്തരങ്ങളും ഉണ്ടാകണമെന്നും നിശബ്ദമായി ഇരിക്കാൻ തനിക്ക് കഴിയില്ലെന്നും ഇർഫാൻ ഹബീബ് പറയുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടു കഴിഞ്ഞാൽ അത് രാജ്യത്ത് നിയമമായി മാറുമെന്നും പൗരത്വ നിയമഭേദഗതി നിയമമായികഴിഞ്ഞു എന്നതിനെ ആർക്കും നിഷേധിക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed