പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ പിഴ ഈടാക്കിയാൽ കടകളടച്ചിട്ട് സമരം ചെയ്യുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ പിഴ ഈടാക്കിയാൽ കടകളടച്ചിട്ട് സമരം ചെയ്യുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു. ചെറുകിട കച്ചവടക്കാരെ ഉപദ്രവിക്കുന്നതാണ് പുതിയ നിരോധനം. കച്ചവടക്കാരിൽനിന്ന് പിഴ ഈടാക്കിയാൽ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യും. ഇക്കാര്യം ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി അദ്ദേഹം വിശദീകരിച്ചു. പ്ലാസ്റ്റിക് നിരോധനം തിരക്കിട്ട് നടപ്പിലാക്കരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. ബദൽ സംവിധാനം ഒരുക്കാതെ തിടുക്കത്തിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ് ബാധിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.