നടി ആക്രമിക്കപ്പെട്ട സംഭവം; ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. 58 പേജുകളുള്ള വിധിയാണ് കേസിന്‍റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിലെ രേഖയാണെന്ന പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് വിധിയിൽ പറയുന്നു. ദൃശ്യങ്ങൾ കേസിലെ രേഖയാണെങ്കിൽ പ്രതിക്ക് അത് നൽകേണ്ടതാണ്. എന്നാൽ, നടിയുടെ സ്വകാര്യത കണക്കിലെടുക്കേണ്ടതാണ്. അതുകൊണ്ട് അവ കൈമാറാനാവില്ല. ദിലീപിനോ അഭിഭാഷകർക്കോ വിദഗ്ദ്ധർക്കോ ദൃശ്യങ്ങൾ കാണണമെങ്കിൽ മജിസ‌്ട്രേറ്റിനോട് ആവശ്യപ്പെടാം. മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ എത്രതവണ വേണമെങ്കിലും പരിശോധിക്കാം. ദൃശ്യങ്ങൾ കാണാനായി അപേക്ഷ നൽകിയാൽ അത് മജിസ്ട്രേറ്റ് പരിഗണിക്കണം.
ദൃശ്യങ്ങൾ പരിശോധിക്കുന്പോൾ പ്രതിഭാഗം അവ പകർത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങൾ പരിശോധിക്കുന്നവരുടെ കയ്യിൽ ഉണ്ടാകരുത് എന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

