സിഎജി ഓഡിറ്റ് നടത്താതെ കണ്ണൂർ വിമാനത്താവളത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് വി.ഡി.സതീശൻ


കൊച്ചി: സിഎജി ഓഡിറ്റ് നടത്താതെ കണ്ണൂർ വിമാനത്താവളത്തിൽ കിയാലും സംസ്ഥാന സർക്കാരും ചേർന്ന് വ്യാപക ക്രമക്കേട് നടത്തുകയാണെന്ന് വി.ഡി.സതീശൻ എംഎൽഎ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിയാൽ സ്വകാര്യ കമ്പനിയല്ലെന്ന കേന്ദ്ര സർക്കാരിന്‍റെ തീരുമാനം സംസ്ഥാന സർക്കാരിന് മുഖത്തേറ്റ അടിയാണ്. വഴിവിട്ട നിയമനങ്ങളും ബന്ധുനിയമനങ്ങളും നടത്തിയത് പുറത്തുവരാതിരിക്കാനാണ് സംസ്ഥാന സർക്കാർ സി.എ.ജി ഓഡിറ്റിനെ എതിർക്കുന്നത്. സർക്കാരിനും പൊതുമേഖല സ്ഥാപനങ്ങൾക്കും 63 ശതമാനം ഓഹരിയുള്ള കിയാൽ സ്വകാര്യ കമ്പനിയാണെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും വാദിച്ചിരുന്നത്. ഈ വാദമെല്ലാം കേന്ദ്ര സർക്കാരിന്‍റെ കത്തോടെ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വർഷത്തെ ഓഡിറ്റിൽ തന്നെ സി.എ.ജി ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കണ്ടെത്തലുകൾ അംഗീകരിക്കാതെ തുടർന്നുള്ള വർഷങ്ങളിൽ സി.എ.ജി ഓഡിറ്റ് തടയുന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇക്കാര്യം പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാണിച്ചതാണെന്നും കിയാലിലെ ക്രമക്കേടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed