സ്കൂൾ വളപ്പിൽ അഭ്യാസപ്രകടനം നടത്തിയ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു: ലൈസൻസ് പിടിച്ചെടുത്തു


കൊല്ലം: വിനോദയാത്രയ്ക്കായി വാടകയ്ക്കെടുത്ത ബസുമായി വെണ്ടാർ വിദ്യാധിരാജ സ്കൂൾ വളപ്പിൽ അഭ്യാസപ്രകടനം നടത്തിയ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇൗ ബസിന്റെ ഡ്രൈവർ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസൻസ് പിടിച്ചെടുത്തു. ഓടുന്ന ബസിന് പുറത്തിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും പുറത്തുവന്നു.

പുത്തൂർ വെണ്ടാർ വിദ്യാധിരാജ സ്കൂളിലും അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലുമായി ഇൗയടുത്ത ദിവസങ്ങളിൽ നടന്ന അഭ്യാസ പ്രകടനത്തിൽ ഉൾപ്പെട്ട മുഴുവൻ ബസുകളുടെയും ഉടമകളോട് ആർടിഒയ്ക്കു മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ നിന്നു പോയ ബസ് മാത്രമാണു തിരികെയെത്തിയിട്ടുള്ളത്. അഞ്ചൽ സ്കൂളിൽ നിന്നു യാത്ര പോയവർ 30നു തിരിച്ചെത്തും. ഇതിനു ശേഷമാകും ഇൗ ബസിനെതിരെ നടപടിയെടുക്കുക. വിദ്യാധിരാജ സ്കൂൾ വളപ്പിൽ നടന്ന സംഭവം സംബന്ധിച്ചു തുടർ നടപടികൾ ആലോചിക്കാൻ സ്കൂൾ അധികൃതർ ഇന്നു പിടിഎ യോഗം വിളിച്ചിട്ടുണ്ട്.⊇

കഴിഞ്ഞ ഞായറാഴ്ചയാണ് വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ സംഭവമുണ്ടായത്. വി.എച്ച്.എസ.ഇ ബാച്ചിന്റെ വിനോദയാത്രയ്ക്കാണ് ബസ് എത്തിയത്. സ്കൂളിന് എതിർവശത്തുള്ള മൈതാനത്ത് രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളും കാത്തുനിൽക്കുമ്പോൾ ബസ്സും കാറും ബൈക്കുകളും ചേർന്നു റേസ് ട്രാക്കിലെ പോലെ ചുറ്റിക്കറങ്ങി പൊടിപാറിച്ചു പ്രകടനം നടത്തി. സംഘത്തിലെ ഒരു പെൺകുട്ടി കാറിന്റെ സൺറൂഫിനുള്ളിലൂടെ പുറത്തേക്കു തലയിട്ട് കൊടി പാറിക്കുന്നതും പിന്നീട് ഇതേ പെൺകുട്ടി തന്നെ സൂപ്പർ ബൈക്ക് ഓടിക്കുന്നതും മോട്ടർവാഹന വകുപ്പിനു ലഭിച്ച വിഡിയോയിലുണ്ട്. ബസ്സിന്റെ അമിത വേഗത്തിലുള്ള പ്രകടനം കണ്ടു പേടിയാകുന്നുവെന്നും സഹപാഠിയോടു മാറിനിൽക്കാൻ പറയുന്നതും കേൾക്കാം.⊇

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഭ്യാസപ്രകടനം. ഹയർ സെക്കൻഡറി വിദ്യാർഥികളുമായി കൊടൈക്കനാലിലേക്കു യാത്ര തിരിക്കും മുൻപ് ചൊവ്വ മൂന്നു മണിയോടെയാണ് അപകടകരമായ പ്രകടങ്ങൾ അരങ്ങേറിയത്. വിദ്യാർഥികളെ മൈതാനത്തിന്റെ നടുവിൽ നിർത്തിയ ശേഷം പൊടിപാറിച്ച് രണ്ടു ബസുകൾ അഭ്യാസ പ്രകടനം നടത്തി. ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു മോട്ടർ വാഹന വകുപ്പ് നടപടി തുടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed