ശബരിമലയിലെ യുവതീപ്രവേശനം: 2018−ലെ വിധി ഇപ്പോഴും ബാധകമെന്ന് ജസ്റ്റിസ് നരിമാൻ

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നും സുപ്രീംകോടതി ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ വ്യക്തമാക്കി. മറ്റൊരു കേസിന്‍റെ വാദത്തിനിടെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഇക്കാര്യം ജസ്റ്റിസ് നരിമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് നരിമാന്‍റെ പരാമർശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേസാണ് ശബരിമല കേസ്. പക്ഷെ തുഷാർ മേത്തയോട് ശബരിമല കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് നരിമാൻ നിർദേശം വെച്ചത്. തികച്ചും അസാധാരണമായ നടപടിയാണ് ജസ്റ്റിസ് നരിമാന്റെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് നിയമവിദഗ്ധർ പറയുന്നത്.
ശബരിമല കേസിൽ ഞങ്ങൾ ഇന്നലെ നൽകിയ ന്യൂനപക്ഷ വിധി വായിച്ചു നോക്കൂ, അതു കളിക്കാൻ വേണ്ടി എഴുതി വച്ചതല്ല. ശബരിമലയിലെ മുൻ വിധിയിൽ മാറ്റമില്ല അതിപ്പോഴും നിലനിൽക്കുന്നുണ്ട് ‘’ എന്നാണ് ക്ഷുഭിതനായി കൊണ്ട് ജസ്റ്റിസ് നരിമാൻ പറഞ്ഞത്.