അർ‍ജന്റീന − ബ്രസീൽ സൗഹൃദ മത്സരം ഇന്ന് റിയാദിൽ


റിയാദ്: അർജൻറീനയും ബ്രസീലും തമ്മിലുള്ള ഫുട്ബാൾ മത്സരം ഇന്ന് റിയാദിൽ നടക്കും. ഓൺലൈനിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. കളി നടക്കുന്ന റിയാദ് കിങ് സൗദ് യൂണിവേഴ്സിറ്റി േസ്റ്റഡിയത്തിലെ 25000 ഇരിപ്പിടങ്ങളിലേക്കുള്ള ടിക്കറ്റുകളിൽ ഇനി അവശേഷിക്കുന്നത് ഏതാനും ഫാമിലി ടിക്കറ്റുകൾ മാത്രമാണ്. 

സ്ത്രീകൾക്കും ഗാലറിയിലെത്തി കളികാണാൻ കഴിഞ്ഞവർഷം അനുമതി ലഭിച്ചതിന് ശേഷം കുടുംബങ്ങളും വൻതോതിൽ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്നുണ്ട്. 200, 1800, 2000, 5000 സൗദി റിയാൽ നിരക്കുകളിലുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റുപോയത്. അർജന്റീനിയൻ ടീമിൽ ലെയണൽ മെസിയും സെർജിയൊ അഗ്യൂറോയും ഇടം പിടിച്ചതാണ് ഇത്രയും വലിയ ആവേശത്തിനും ടിക്കറ്റ് കൈക്കലാക്കാനുള്ള തള്ളിക്കയറ്റത്തിനും കാരണം. ബ്രസീലിയൻ താരം നെയ്മറും വരുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. അതും ഈ ഓളത്തിന് കാരണമായി. എന്നാൽ പരിക്കിന്റെ പിടിയിലായതിനാൽ നെയ്മർ റിയാദിലെത്തില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.  വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം എട്ട് മണിക്കാണ് മത്സരം. നിരവധി മലയാളികളും ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed