ജോലിക്ക് ശേഷം ഉല്ലസിക്കാൻ പബ്ബുകൾ വന്നേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകൾ വന്നേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകൾ വരുന്നതിനെ കുറിച്ച് സൂചന നൽകി മുഖ്യമന്ത്രി സംസാരിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവർക്ക് ജോലിക്ക് ശേഷം അൽപം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തിൽ ആക്ഷേപം സർക്കാറിന് മുന്നിൽ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
വരിനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ നല്ല രീതിയിൽ സജ്ജീകരിച്ച കടകളിൽ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. "ബെവ്റേജസ് വിൽപ്പന കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കും. ആളുകൾ ക്യൂനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ നല്ല രീതിയിൽ സജ്ജീകരിച്ച കടകളിൽ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണ്", മുഖ്യമന്ത്രി പറഞ്ഞു.