വാളയാറില്‍ സഭയില്‍ പ്രതിഷേധം; ഇരകളുടെ മാതാപിതാക്കളെ കൊണ്ട് മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ചതല്ലാതെ ഒന്നും നടന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം നേരത്തെ ചര്‍ച്ച ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ പരിഗണിക്കാതിരുന്നത്.
വാളയറാറില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായത് ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായ സി.പി.എം ബന്ധമുള്ള അഭിഭാഷകനാണെന്നും ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. വിഷയം ആദ്യദിനം തന്നെ ഷാഫി പറമ്പില്‍ ഉന്നയിച്ചതാണെന്നും ബല്‍റാമിന്റെ നോട്ടീസില്‍ പുതുതായി ഒന്നുമില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഇതോടെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ നിലപാട് മാറ്റാന്‍ തയ്യാറാകാതെ വന്നതോടെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിച്ച സ്പീക്കറുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ഇരകളുടെ കുടുംബം എന്തോ കുറ്റം ചെയ്തുവെന്ന മട്ടിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മീഡിയ റൂമില്‍ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കുട്ടികള്‍ ആത്മഹത്യ ചെയ്താണെന്ന് പൊതു സമൂഹം വിശ്വസിക്കുന്നില്ല. ക്രൂരമായി പീഡിപ്പിച്ച ശേഷം അവരെ കൊലപ്പെടുത്തിയതാണെന്നാണ് സമൂഹത്തിന്റെ വിശ്വാസം. ഇരകളുടെ കുടുംബത്തെ മുഖ്യമന്ത്രി അങ്ങോട്ടുപോയി കാണേണ്ടതിനു പകരം മാതാപിതാക്കളെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയുടെ കാലുതൊട്ട് വന്ദിക്കുന്നതാണ് കണ്ടത്. ഇതല്ലാതെ കേസില്‍ മറ്റൊന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.