പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഇന്ന് രാജിവെച്ചേക്കുമെന്ന സൂചനകള്‍ക്കിടെ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍. മേയർ സ്ഥാനത്തുനിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണ്. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കും. പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി. മേയറെ നീക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ചരടുവലികൾ നടത്തുന്നതിനിടെ സൗമിനി ജെയിനെ കെ.പി.സി.സി പ്രസിഡണ്ട് ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം സൗമിനി ജെയിന് പിന്തുണയുമായി എറണാകുളം കരയോഗം രംഗത്തെത്തി. സൗമിനി ജെയിനിനെ മാറ്റരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രൻ പറഞ്ഞു. സൗമിനി ജെയിനിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനാണ്. എം.പിയും എം.എൽ.എയുമെല്ലാം ആ സമുദായത്തിൽ നിന്നാണ്. സൗമിനി ജെയിനിനെ മാറ്റിയാൽ സമുദായ സന്തുലനം ഇല്ലാതാകുമെന്നും പി.രാമചന്ദ്രൻ പറഞ്ഞു. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് കൊച്ചി മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായത്. തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്ന സൗമിനി ജെയിനെ നിലവിലെ സാഹചര്യങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രൻ ധരിപ്പിക്കും. മുൻ ധാരണ പ്രകാരം എല്ലാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരേയും മാറ്റിക്കൊണ്ടുള്ള തീരുമാനവും ഇന്ന് കെ.പി.സി.സി അദ്ധ്യക്ഷനിൽ നിന്നുണ്ടായേക്കും.
അതേ സമയം സൗമിനി ജെയിനെ മാറ്റാനുള്ള തീരുമാനങ്ങൾക്കിടെ ആരാകും അടുത്ത മേയർ എന്നുള്ള ചർച്ചകളും കൊച്ചിയിൽ സജീവമായി.

