അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് വേട്ട; ഒരാൾ കൂടി കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് വേട്ട. വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്ന് രാവിലെ മാവോയിസ്റ്റ് സംഘാംഗങ്ങൾക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്. അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ ഇന്നലെയാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കർണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പ്പുണ്ടായത്. കബനി ദളത്തിലെ പ്രമുഖ നേതാവാണ് മണിവാസകം.
ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്. വെടിവെപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും മുറുകിയിരിക്കുകയാണ്. വിഷയം ഇന്ന് സഭയിലും വലിയ കോലാഹലങ്ങൾക്ക് കാരണമായി. അതേസമയം മാവോയിസ്റ്റ് വിഷയത്തിൽ തങ്ങളുടെ മുൻനിലപാടിൽ നിന്ന് മാറ്റമില്ലെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞു. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു കാനത്തിന്റെ മുൻ നിലപാട്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്.

