എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എം.എല്‍.എയും എം.പിയുമായ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം കെ.കെ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. പതെരഞ്ഞെടുപ്പില്‍ വിവിധ മതന്യൂനപക്ഷങ്ങില്‍പ്പെട്ടവര്‍ ബി.ജെ.പിയെ പിന്തുണയ്ക്കാനായി രംഗത്തു വന്നത് പാര്‍ട്ടിക്ക് അഭിമാനകരമായ നേട്ടമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്സിറ്റ്പോളുകളെ പാര്‍ട്ടി തള്ളിക്കളയുന്നു. ബിജെപിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പറയാം. സി.പി.എമ്മും സി.പി.ഐയും വിട്ടു വന്ന 257 പേര്‍ ബി.ജെ.പിയില്‍ ചേരും. ശക്തമായ മഴയെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലും മറ്റു മണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്. അതല്ലാതെ ബി.ജെ.പി വോട്ടുകള്‍ കിട്ടാതെ പോയിട്ടില്ല. ബി.ജെ.പി വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തുവെന്നാണ് തനിക്ക് മണ്ഡലം കമ്മിറ്റികളില്‍ നിന്നും കിട്ടിയ വിവരമെന്നും ശ്രീധരന്‍പ്പിള്ള വ്യക്തമാക്കി.
ജൂൺ മാസത്തിലാണ് എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശം. മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. രണ്ട് തവണ ലോക്‌സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് നിയമസഭാ സാമാജികനാവുകയുമായിരുന്നു.

