സഭാച്ചട്ടങ്ങള്‍ ലംഘിച്ചു: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി
വയനാട്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കുചേര്‍ന്നതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന സി.ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സി.ലൂസിയെ ഫ്രാന്‍സിസ്‌കന്‍ മേരിസ്റ്റ് സഭ (എഫ്.സി.സി)യില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ആണ് തള്ളിയത്. സി.ലൂസി സഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് പൗരസ്ത്യ തിരുസംഘത്തില്‍ നിന്ന് മഠത്തില്‍ വന്ന കത്തില്‍ പറയുന്നു. കത്ത് മഠം അധികൃതര്‍ ഒപ്പിട്ട് വാങ്ങി.
അതേസമയം, എന്തുവന്നാലും മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്ന് സി.ലൂസി ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. ലത്തീന്‍ ഭാഷയിലുള്ള കത്ത് ഇന്ന രാവിലെയാണ് സി.ലൂസി താമസിക്കുന്ന മഠത്തില്‍ എത്തിയത്. മഠം അധികൃതര്‍ കത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. 11 കാരണങ്ങളാണ് അപ്പീല്‍ തള്ളുന്നതിന് കാരണങ്ങളായി അക്കമിട്ട് നിരത്തിയിരിക്കുന്നത്. എന്നാല്‍, കത്ത് പഠിക്കണമെന്നും പകര്‍പ്പ് പരിശോധിച്ച് ഉടന്‍ തന്നെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും സി.ലൂസി പറയുന്നു. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സഭ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സി.ലൂസി പ്രതികരിച്ചു. വത്തിക്കാനില്‍ നിന്നുള്ള മറുപടി കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല. സാധാരണ നിലയില്‍ ഇത്തരം അപ്പീലുകള്‍ വത്തിക്കാന്‍ തള്ളുകയാണ് പതിവ്.

