മാർക്ക്ദാന വിവാദം: കെ.എസ്‌.യു മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു


തിരുവനന്തപുരം: മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്‌യു മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേത്തുടർന്നു പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് രണ്ടിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പിഎസ്‍സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദം എന്നിവയിൽ അന്വേഷണം വേണമെന്നും ആവശ്യമുന്നയിച്ചായിരുന്നു മാർച്ച്. സർക്കാർ ഗേറ്റ് മറികടന്ന് മുന്നേറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ സംഘർഷമുണ്ടാകുകയായിരുന്നു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നിൽ മുദ്രാവാക്യങ്ങളുയർത്തി. വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേ സമയം മോഡറേഷന്‍ നല്‍കുകയെന്നത് കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ കാലാകാലങ്ങളായി അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഉന്നതവിദ്യാഭ്യാസരംഗ പരിഷ്കാരങ്ങളിൽ വിറളി പിടിച്ചവരാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2012ൽ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ 20 മാർക്ക് വരെ മോഡറേഷൻ നല്‍കാന്‍ അന്നുണ്ടായിരുന്ന യുഡിഎഫ് സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ സമാനമായ സംഭവമാണ് എംജി സര്‍വകലാശാലയിലും നടന്നത്. പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ ആരോപണമാക്കി ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed