ഫ്ലാറ്റ് പൊളിക്കും മുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്തണം; പിഴ ഈടാക്കണം

കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിനു മുമ്പ് അതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി. മരട് സ്വദേശിയായ എൻ.ജി. അഭിലാഷ് എന്നയാളാണ് പരാതിക്കാരൻ. സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ചിട്ടുള്ള ഫ്ലാറ്റിന്റെ 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നയാൾ എന്ന നിലയിലാണ് ഹർജി നൽകുന്നതെന്ന് അദ്ദേഹം പറയുന്നു.
60 വർഷമായി തന്റെ കുടുംബം മരട് താമസിക്കുന്നവരാണെന്നും ഫ്ലാറ്റ് പൊളിക്കുന്നതു തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ട് എന്നതും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് ഉത്തരവിടണമെന്നാണ് ആവശ്യം. പാരിസ്ഥിതിക പഠനത്തിന് എൻഇഇആർ, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങി ഏതെങ്കിലും വിദഗ്ധ സംഘത്തെ നിയോഗിക്കണം. പാരിസ്ഥിതിക നഷ്ടത്തിന് നിയമ ലംഘനം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിലുള്ള ഫ്ലാറ്റ് കേസുമായോ അതിന്റെ ഉടമകളുമായോ തനിക്കു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കേസ് രജിസ്ട്രാർ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ അടുത്ത ദിവസം അപേക്ഷ നൽകും.