നവോത്ഥാനമൂല്യ സംരക്ഷണം; ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല; ഒരേ മനസ്സായി നീങ്ങണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാനമൂല്യ സംരക്ഷണസമിതി ഒരേ മനസ്സോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ യോഗം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ചു പ്രവർത്തിച്ചാൽ വലിയ മുന്നേറ്റമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനമൂല്യം തകർക്കുന്നതിനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ശ്രമിക്കുന്നവർ ചില്ലറക്കാരല്ല. ഇക്കൂട്ടർ വലിയ പ്രതിരോധമുയർത്തും. അവർക്ക് പ്രചാരണരംഗത്ത് വലിയ സ്വാധീനം ഉറപ്പിക്കാനാകുന്നു. നവോത്ഥാനസമിതിയിൽ വ്യത്യസ്ത രാഷ്ട്രീയമുള്ളവരുണ്ട്. എന്നാൽ, നവോത്ഥാനമൂല്യ സംരക്ഷണം ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. കക്ഷിരാഷ്ട്രീയ ഭിന്നതയുടെ ഭാഗമായി നവോത്ഥാനമൂല്യ സംരക്ഷണത്തെ കാണാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഗസ്ത് 15 മുതൽ സപ്തംബർ 30 വരെ ജില്ലാടിസ്ഥാനത്തിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ക്യാന്പസുകളിലും അതിനോടനുബന്ധിച്ചും ഒക്ടോബറിൽ സെമിനാറുകൾ നടത്തും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിലേക്ക് ഡിസംബറിൽ സ്മൃതിയാത്ര നടത്താനും തീരുമാനമായി.
ജില്ലാതല സംഗമങ്ങൾ വിപുലമായ ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

