മെഡിക്കൽ കോളേജ് വളപ്പിൽ കണ്ടെത്തിയത് ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം
കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പിൽ പൊന്നമ്മ (55)യുടെതാണു മൃതദേഹം. പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വിൽപ്പന നടത്തിയിരുന്ന യുവാവിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളേജിലെ ക്യാൻസർ വാർഡിനു സമീപം മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ എട്ടു ദിവസം മുന്പു മുതൽ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിയിരുന്നു. തുടർന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും, മൃതദേഹത്തിൽനിന്നു ലഭിച്ച വളയും കാണിച്ചു.
ഇവരാണ് മകൾ മൃതദേഹം പൊന്നമ്മയുടേതാണ് സൂചന നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ എട്ടു ദിവസമായി പൊന്നമ്മയെ മെഡിക്കൽ കോളജ് പരിസരത്ത് കാണാനില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പരിസരത്ത് ലോട്ടറി വിൽപ്പന നടത്തുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കലാണ് മകളുടെ വീട്ടിലേയ്ക്കു പോകുന്നത്. കഴിഞ്ഞ ആഴ്ച ഇവർ വീട്ടിൽ എത്താതെ വന്നതോടെയാണ് മകൾ പരാതിയുമായി എത്തിയത്. വർഷങ്ങളായി പൊന്നമ്മയുമായി ചേർന്നു മെഡിക്കൽ കോളേജിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന യുവാവിനെ കണ്ടെത്തിയാൽ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നു പ്രതീക്ഷയിലാണ് പോലീസ്.

