പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന; കുറ്റപത്രം ഉടൻ സമർപ്പിക്കും


കൊച്ചി: പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് ഐജി എച്ച്. വെങ്കിടേഷ്, വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. വിജിലൻസ് അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധനയെന്നാണു സൂചന. പാലാരിവട്ടം മേൽപാലത്തിൽ അടിത്തറ ഒഴികെ മറ്റെല്ലാം രണ്ടര വർഷത്തിനകം തകർന്നതായി ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. പാലത്തിന്‍റെ 17 കോൺക്രീറ്റ് സ്പാനുകളും മാറ്റി സ്ഥാപിക്കണം. സ്പാനുകളിൽ മൂന്നെണ്ണം അതീവ അപകട സ്ഥിതിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പാലം സഞ്ചാരയോഗ്യമാക്കുന്ന തരത്തിൽ പുതുക്കിപ്പണിയാൻ ഇപ്പോഴത്തെ നിലയിൽ 18.5 കോടി രൂപ വേണം. പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ ഉപയോഗിച്ചു സ്പാനുകൾ പുനഃസ്ഥാപിക്കണം. പാലത്തിന്‍റെ അടിത്തറയ്ക്കു മാത്രമാണു പ്രശ്നമില്ലാത്തത്. പിയറുകളും പിയർ ക്യാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. ഇപ്പോഴത്തെ സ്ഥിതിക്ക് പത്തുമാസം കൊണ്ടുമാത്രമേ പാലം പൂർവസ്ഥിതിയിലാക്കാനാകൂ. 42 കോടി ചെലവിട്ടാണു പാലം നിർമിച്ചത്. പുനർ നിർമാണത്തിന് ആവശ്യമായ ചെലവ് ആദ്യം സർക്കാർ വഹിക്കും. പിന്നീട് ഈ തുക ആരിൽനിന്ന് ഈടാക്കണമെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിനുശേഷം തീരുമാനിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed