‘എക്സ് എം.പി’ ബോര്‍ഡ് വിവാദം: എ. സമ്പത്തിന് പിന്തുണയുമായി കെ. എസ് ശബരീനാഥന്‍
തിരുവനന്തപുരം: ‘എക്‌സ് എം.പി’ ബോര്‍ഡ് വിവാദത്തില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ മുന്‍ എം. പി എ. സമ്പത്തിന് പിന്തുണയുമായി കോണ്‍ഗ്ര്‌സ് എം.എല്‍.എ, കെ.എസ് ശബരീനാഥന്‍ രംഗത്ത്. സമ്പത്തിന്റെ ഇന്നോവ കാറില്‍ എക്‌സ് എം. പി എന്ന് ബോര്‍ഡ് വെച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അതൊരു ഫോട്ടോഷോപ്പ് ചിത്രമാണെന്നാണ്. ഇത് സംബന്ധിച്ച് ശബരി നാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
"ആറ്റിങ്ങല്‍ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നു.
ഞാനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്. നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല.
Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിന്‍ തുടങ്ങുന്നത് നല്ലതായിരിക്കും."

