ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ബാലിക മരിച്ചു
തൃശൂർ: ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ബാലിക മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന മലപ്പുറം എടപ്പാൾ സ്വദേശിനിയായ ആറു വയസുകാരിയാണു മരിച്ചത്. കുട്ടിക്ക് ഡിഫ്തീരിയ വാക്സിനേഷൻ നൽകിയിരുന്നില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചെങ്കിലും ഡിഫ്തീരിയ ആണോ കുട്ടിയുടെ മരണകാരണമെന്നു വിലയിരുത്താൻ രണ്ടു ദിവസമെടുക്കുമെന്ന് ഡി.എം.ഒ വ്യക്തമാക്കി.
ഡിഫ്തീരിയ പ്രതിരോധിക്കാൻ രണ്ട് വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും കുത്തിവയ്പ് നൽകുന്നതിന് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരം നടപ്പാക്കിയ മിഷൻ ഇന്ദ്രധനുസ് ക്യാന്പിൽ മലപുറത്തുനിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. സംസ്ഥാനത്ത് കുത്തിവയ്പെടുക്കാത്തതിൽ കൂടുതൽ കുട്ടികൾ മലപ്പുറത്താണെന്ന് കണ്ടെത്തൽ.
കുട്ടികൾക്ക് യഥാസമയം പെന്‍റാവാലന്‍റ് വാക്സിൻ നൽകുന്നതാണ് ഡിഫ്തീരിയ തടയാനുള്ള ഏകമാർഗ്ഗം. വാക്സിനെടുക്കുന്ന കുട്ടികളിൽ രോഗസാധ്യത വളരെ കുറവാണ്. കുട്ടി ജനിച്ച് ആറ്, പത്ത്, പതിന്നാല് ആഴ്ചകളിൽ വാക്സിൻ നൽകണം. പിന്നീട് ഒന്നരവയസിലും അഞ്ചു വയസിലുമായി ഡി.പി.ടി ബൂസ്റ്ററുകളും നൽകണം. ഇതിൽ മുടക്കം വരുത്തരുത്. രോഗലക്ഷണം കണ്ടാലുടൻ ചികിത്സ തേടണം. തൊണ്ടവേദനയും വീക്കവും പനിയുമാണ് രോഗലക്ഷണങ്ങൾ. തൊണ്ടയിൽ വെളുത്ത നിറത്തിലുള്ള പാടയും കാണാം. രോഗം മൂർച്ഛിച്ചാൽ അത് ശ്വാസംമുട്ടലുണ്ടാക്കും. ചിലപ്പോൾ ഹൃദയത്തെ ബാധിക്കാനും സാധ്യതയുണ്ട്. ഇവയാണ് മരണത്തിനിടയാക്കുന്നത്.

