രജിസ്റ്റർ ചെയ്തത് 347 കേസുകൾ: നടന്നത് അക്രമം കുറഞ്ഞ തെരഞ്ഞെടുപ്പെന്ന് പൊലീസ്

തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ. 2016 ലെ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഇത്തവണ അക്രമസംഭവങ്ങള്‍ കുറവാണെന്ന് പൊലീസ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ അക്രമങ്ങളുടെ പേരിൽ 613 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പൊലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റിക്കാർഡ് പോളിങ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.