നിലപാടു മാറ്റം: ശബരിമല ദേവസ്വംബോർഡ് പ്രസിഡണ്ടിനെ ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: കോടതിയിലെ നിലപാട് മാറ്റം അറിയിക്കാത്തതിനെ തുടർന്ന് ശബരിമല ദേവസ്വംബോർഡ് പ്രസിഡണ്ട് എ.പത്മകുമാറിനെ ഒഴിവാക്കാൻ നീക്കം. സുപ്രീം കോടതിയിൽ ബോർഡ് നിലപാടു മാറ്റിയത് ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ അറിയിക്കാതെയാണെന്നും വിവരം. ദേവസ്വം കമ്മിഷണർ എൻ. വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിഷയത്തിൽ ഇടപെട്ടത്.
സുപ്രീംകോടതിയിലെ നിലപാടു മാറ്റത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അദ്ധ്യക്ഷൻ എം. രാജഗോപാലൻ നായർക്കും പങ്കുണ്ട്. ദേവസ്വം കമ്മിഷണർ വിരമിക്കുമ്പോൾ റിക്രൂട്ട്മെന്റ് ബോർഡ് അദ്ധ്യക്ഷനാക്കിയേക്കും. രാജഗോപാലൻ നായരെ ദേവസ്വം ബോർഡ് അദ്ധ്യക്ഷനായി തിരിച്ചെത്തിക്കാനാണ് നീക്കം നടക്കുന്നത്. യുവതീപ്രവേശത്തിൽ സാവകാശ ഹർജി സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകാമെന്ന് ദേവസ്വം ബോർഡ് യോഗത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായ നിലപാടാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ചത്. സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാൻ അവകാശം നൽകുന്നതാണ് ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാൻ പാടില്ലെന്നും സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് നിലപാടെടുത്തിരുന്നു.