ശബരിമല: റിവ്യൂ ഹർജികളെ ശക്തമായി എതിർത്ത് സംസ്ഥാന സർക്കാർ


ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലെ വാദം ഇനി ഉച്ചഭക്ഷണത്തിന് ശേഷം സുപ്രീം കോടതി പരിഗണിക്കും. യുവതീ പ്രവേശന വിധി തെറ്റാണെന്ന് ഹർജിക്കാർ വാദിച്ചപ്പോൾ വിധി ഭരണഘടനാ പരമായി ശരിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജികളെ ശക്തമായി എതിർത്തു. ഭരണഘടനാ പരമായ പല കാര്യങ്ങളും പരിഗണിക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും ഇത് തെറ്റാണെന്നും എൻ.എസ്.എസിന് വേണ്ടി ഹാജരായ അ‌ഡ്വ.കെ.പരാശരൻ വാദിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചാൽ പ്രതിഷ്‌ഠയുടെ ബ്രഹ്മചാര്യം ഇല്ലാതാകുമെന്ന് തന്ത്രിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിനിടെ അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ട കോടതി ഇങ്ങനെയാണെങ്കിൽ കോടതി നടപടികൾ നിറുത്തിവയ്‌ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച അഭിഭാഷകർക്ക് കോടതി താക്കീത് നൽകുകയും ചെയ്‌തു. കൂടുതൽ വാദങ്ങൾ എഴുതി നൽകണമെന്നും കോടതി പറഞ്ഞു. ഉച്ചയ്‌ക്ക് ശേഷം ഒരു മണിക്കൂർ മാത്രമേ കോടതി കേസ് പരിഗണിക്കൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed