ഗംഭീര തിരിച്ചുവരവ് നടത്തി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം

തിരുവനന്തപുരം: ബിസിനസ് സാമ്രാജ്യത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി അറ്റലസ് രാമചന്ദ്രൻ. അറ്റ്‍ലസ് ഗ്രൂപ്പ് ഓഹരി രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വൻ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂൺ ആദ്യവാരം 70 രൂപയായിരുന്നു അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം. എന്നാൽ ഇപ്പോൾ 286 രൂപയായാണ് ഉയർന്നിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടയിലാണ് കന്പനിയുടെ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്. അടുത്ത മാസം 19ന് അറ്റ്‌ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാർഷിക ജനറൽ ബോഡി യോഗം നടക്കുമെന്നും വാർത്തകളുണ്ട്. “വ്യാപാരി സമൂഹവും ഉപഭോക്താക്കളും എന്നോടും എന്റെ സ്ഥാപനത്തിനോടും പുലർത്തുന്ന വിശ്വസ്തതയുടേയും സ്‌നേഹത്തിന്റേയും പ്രതിഫലനമാണ് ഈ നേട്ടത്തിന് പിന്നിൽ. 1991ൽ കുവൈത്ത് യുദ്ധത്തെ തുടർന്ന് ദുബൈയിലെത്തിയതാണ് ഞാൻ, എന്റെ കഠിനാധ്വാനം കൊണ്ട് 48 ഷോറൂമുകൾ ഞാൻ തുറന്നു. ഇപ്പോൾ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ഞാൻ”. നേട്ടത്തിലുള്ള സന്തോഷം പങ്കുവച്ച് അറ്റ്‍ലസ് രാമചന്ദ്രൻ പറഞ്ഞു.
നിലവിൽ ബംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകൾ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗൾഫിലുമായി നിലവിൽ 15 ജ്വല്ലറികളാണ് അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്. കൂടുതൽ ബ്രാഞ്ചുകൾ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറ് കേസുകളായിരുന്നു ഇദ്ദേഹത്തിന്റെ പേരിൽ ദുബൈയിലുണ്ടായിരുന്നത്. ബിസിനസ് കാര്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബൈയ് പോലീസ് അറസ്റ്റ് ചെയ്തത്. 2015 നവംബർ 12നായിരുന്നു ദുബൈ കോടതി രാമചന്ദ്രനെ മൂന്നു വർഷം തടവിന് വിധിച്ചത്.
‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.’ മലയാളികൾ നെഞ്ചേറ്റിയ അറ്റ്‍ലസ് രാമചന്ദ്രനേയും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തേയും ഓർക്കാൻ ഈയൊരൊറ്റ പരസ്യവാചകം മതി. പ്രതാപകാലത്തിൽ നിന്നും തകർച്ചയുടെ പടുകുഴിയിലേക്ക് പതിച്ച അറ്റ്‍ലസ് രാമചന്ദ്രൻ ജയിലഴിക്കുള്ളിലായപ്പോൾ പിന്തുണ നൽകാനും തിരിച്ചു വരവിന്റെ നാളുകളിൽ അദ്ദേഹത്തെ സ്വീകരിക്കാനും മലയാളക്കര ഒന്നടങ്കമുണ്ടായിരുന്നു.