സീരിയൽ താരം ആത്മഹത്യ ചെയ്ത നിലയിൽ

ഹൈദരാബാദ്: തെലുങ്കു സീരിയൽ താരം നാഗ ജാൻസി (21) ആത്മഹത്യ ചെയ്ത നിലയിൽ. ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിലാണ് ജാൻസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.
ജാൻസി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. താരത്തിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രണയപരാജയമായാണ് ജാൻസിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.അടുത്ത ബന്ധത്തിലുള്ള യുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങൾക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ജാന്‍സിയെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയ സഹോദരന്‍ ദുർഗാ പ്രസാദ് ഏറെ വിളിച്ചിട്ടും താരം പ്രതികരിക്കാത്തതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. മാ ടിവിയിലെ പവിത്രബന്ധന്‍ ഉൾപ്പടെ നിരവധി പരന്പരകളിലും ചില സിനിമകളിലും ജാന്‍സി വേഷമിട്ടിട്ടുണ്ട്.