സി.പി.എം ഓഫീസ് റെയ്ഡ്: വിമർശനവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ‍ പൊലീസ് റെയ്ഡ് നടത്തിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‍. രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ‍ ശ്രമം നടക്കുന്നതായും അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെ റെയ്‌ഡെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടി ഓഫിസുകളിൽ സാധാരണ റെയ്ഡ് നടക്കാറില്ലെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണങ്ങളോടു രാഷ്ട്രീയ പാർട്ടികൾ സഹകരിക്കാറുണ്ടെന്നും പറഞ്ഞു.

പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. പലപ്പോഴും അത് ഉണ്ടാകുന്നില്ല. പാർട്ടി ഓഫീസുകൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എല്ലാ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കണം. ഇതാണ് സർക്കാർ നയം. പൊലീസ് റെയ്ഡ് സംബന്ധിച്ച് സി.പി.എം നൽകിയ പരാതി ഡി.ജി.പി അന്വേഷിക്കും. വ്യത്യസ്തമായ സമീപനമുണ്ടായാൽ യുക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമ സഭയിൽ വ്യക്തമാക്കി.

നേരത്തെ, വിഷയത്തിൽ അന്വേഷണം നടത്തിയ എ.ഡി.ജി.പി മനോജ് എബ്രഹാം ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് ഡി.ജി.പിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിഷയം സബ്മിഷനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ അവതരിപ്പിച്ചത്. റെയ്ഡ് നിയമപരമാണ്. എസ്.പി. ചൈത്ര തെരേസ ജോണിനെതിരെ നടപടി എടുത്താൽ പോലീസ് സേനയുടെ ആത്മവീര്യം തകരുകയും തെറ്റായ സന്ദേശം നൽകുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ഈ വാദം മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed