തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങി : മുൻകൂട്ടി അറിയിക്കാതെ തിരിച്ചെത്തും


കൊച്ചി : ശബരിമല ദർശനത്തിനായി ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങി. രാത്രി 9.10നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് തൃപ്തി തിരികെപ്പോയത്. മുൻകൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു. തന്റെ വരവു വിജയമാണെന്നും പേടിച്ചിട്ടല്ല മടങ്ങുന്നതെന്നും അവർ പറഞ്ഞു. ലക്ഷ്യം വിജയമായതിനാലാണു വിമാനത്താവളത്തിൽ തന്നെ തടഞ്ഞത്. സമത്വത്തിനു വേണ്ടിയുള്ള സമരമാണിതെന്നും തൃപ്തി പറഞ്ഞു.

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ബിജെപിയോ കോൺഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും താൻ സ്ത്രീകളുടെ പക്ഷത്താണെന്നും തൃപ്തി ദേശായി പറഞ്ഞു. അഞ്ച് വർഷമായി ഒരു പാർട്ടിയുമായും ബന്ധമില്ല. മണ്ഡലകാലത്തു തന്നെ തിരികെയെത്തും–തൃപ്തി പറഞ്ഞു. അടുത്ത തവണ കൂടുതൽ തയാറെടുപ്പുകളോടെ ശബരിമല സന്ദർശനത്തിന് എത്താൻ തൃപ്തിയോടും സംഘത്തോടും പൊലീസ് നിർദേശിച്ചു. അതേസമയം ഇവര്‍ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് മൂന്ന് വനിതാ അഭിഭാഷകർ രംഗത്തെത്തി.

നേരത്തെ, തൃപ്തി മടങ്ങിയശേഷമേ പിരിഞ്ഞുപോകുവെന്നു പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ മരക്കൂട്ടത്ത് പൊലീസ് തടഞ്ഞു. മുൻകരുതലിന്റെ ഭാഗമായാണു നടപടിയെന്നും ഇവരെ ശബരിമലയിലേക്കു കടത്തി വിടില്ലെന്നും പൊലീസ് അറിയിച്ചു. പമ്പയിലെത്തിയ ഹിന്ദു ഐക്യവേദി നേതാവ് സ്വാമി ഭാർഗവറാമിനെയും പോലീസ് അറസ്റ്റ് ചെയ്തു. പമ്പയിൽ പ്രതിഷേധത്തിനു ശ്രമിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like

  • NEC

Most Viewed