ബാലഭാസ്കറിന്റെ സംസ്കാരം ബുധനാഴ്ച ശാന്തികവാടത്തിൽ

തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ (40) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു പുലർച്ചെ 12.56നായിരുന്നു അന്ത്യം. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നിവർ ആശുപത്രിയിൽ ചികിൽസയിലാണ്.
തിരുമല സ്വദേശി ചന്ദ്രൻ (റിട്ട. പോസ്റ്റ്മാസ്റ്റർ) ശാന്തകുമാരി (റിട്ട. സംസ്കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം) എന്നിവരാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ. സഹോദരി. മീര. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുന്ന മൃതദേഹം, തുടർന്നു യൂണിവേഴ്സിറ്റി കോളജിൽ പൊതുദർശനത്തിനു വയ്ക്കും. ബുധനാഴ്ച തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം.
ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു.
മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.