ജോയ് ആലുക്കാസ് 250 വീടുകള്‍ നിര്‍മ്മിച്ചുനൽകും

തൃശൂർ : പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ 250 വീടുകള്‍ നിര്‍മ്മിച്ച് നൽകുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ്. 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി. ജോയ് ആലുക്കാസ് ഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മുഖേന ഓരോ വീടിനും 6 ലക്ഷം രൂപ ചിലവഴിച്ച് 250 വീടുകൾ നിർമിച്ചു നൽകുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസും പറഞ്ഞു.
600 ചതുരശ്ര അടി വലുപ്പമുള്ള, 2 കിടപ്പുമുറികളും ഡൈനിങ് ഹാൾ, ലിവിങ് ഏരിയ സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോൺക്രീറ്റ് വീടുകളാണ് നിർമ്മിച്ച് നൽകുക. കേരളത്തിൽ ഏറ്റവുംകൂടുതൽ പ്രളയദുരന്തം നേരിട്ട സ്ഥലങ്ങളിൽ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതാതു പ്ലോട്ടുകൾക്ക് അനുയോജ്യമായ വീടുകളാണ് വിദഗ്‌ധരായ ആർക്കിടെക്ടുകളെ കൊണ്ട് രൂപകൽപ്പന ചെയ്തു നിർമിച്ച് നൽകുകയെന്ന് ചെയർമാൻ ജോയ് ആലുക്കാസ് വ്യക്തമാക്കി. റീ-ബിൽഡിങ് കേരള എന്ന സർക്കാർ പദ്ധതിക്കൊപ്പം പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്ക് കരുത്തേകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.
പ്രളയത്തിലും മണ്ണിടിച്ചിലിലും പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകാവുന്നതാണ്. ഈ അപേക്ഷകൾ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിയോഗിച്ച കമ്മറ്റി പഠിച്ചതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അർഹരെ കണ്ടെത്തുകയും, നിർമാണ അനുമതി ലഭിച്ചാൽ ഉടൻ നിർമാണ നടപടികൾ തുടങ്ങി, കല താമസമില്ലാതെ പൂർത്തീകരിച്ച് കൈമാറാനാണ് തീരുമാനം.