കണ്ണൂർ വിമാനത്താവള പ്രദേശത്ത് ടൗൺഷിപ്പ് പരിഗണനയിൽ : കിയാൽ
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുത്ത 700 ഏക്കർ സ്ഥലത്ത് ടൗൺഷിപ്പ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതിനായി കിയാൽ ചീഫ് പ്രൊജക്ട് എഞ്ചിനീയർ കെ .എസ് ഷിബുകുമാർ പറഞ്ഞു. നോർത്ത് മലബാർചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ബിൽഡേർസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈവ്സ്റ്റാർ ഹോട്ടലുകൾ, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, ക്ലബ്ബ് ഹൗസുകൾ, വിനോദ സഞ്ചാരത്തിന് ഉതകുന്ന തരത്തിലുള്ള സംരംഭങ്ങൾ എന്നിവ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ രാജ്യാന്തര വിമാനസർവ്വീസുകൾ ആരംഭിക്കാൻ സജ്ജമായിക്കഴിഞ്ഞു. കിയാലിന്റെ സ്ഥലത്ത് പുതുതായി കെട്ടിടങ്ങൾ നിർമ്മിക്കാൻ സ്ഥലം ലീസിന് നൽകും. കെട്ടിടങ്ങൾ നിർമ്മിച്ച് നൽകാനോ സ്വന്തമായി കെട്ടാനോ കഴിയുന്നവർക്ക് സംരംഭത്തിൽ പങ്കാളികളാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങളനുസരിച്ച് പത്ത് നില കെട്ടിടങ്ങൾ വരെ ഇപ്പോൾ നിർമ്മിക്കാൻ കഴിയും. സ്ഥലങ്ങൾ ഏറ്റെടുത്ത സ്ഥിതിക്ക് അടുത്ത് തന്നെ കെട്ടിട നിർമ്മാണങ്ങൾക്ക് ടെൻഡർ വിളിക്കാൻ കഴിയും. ഇതിനായി ഓൺലൈനായിഫീസ് അടക്കാൻ കഴിയുമെന്നും ഷിബുകുമാർ വ്യക്തമാക്കി. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ.ത്രിവിക്രമൻ അദ്ധ്യക്ഷത വഹിച്ചു.

