അനധികൃതമായി കടത്തിയ 1.17 കിലോഗ്രാം സ്വർണവും 8.7 ലക്ഷവും പിടികൂടി
വടക്കഞ്ചേരി : അനധികൃതമായി കടത്തിയ 1171.64 ഗ്രാം സ്വർണവും 8.7 ലക്ഷവും തൃത്താല എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ വൈകീട്ട് അഞ്ച്മണിയോടെ മംഗലം-ഗോവി ന്ദാപുരം സംസ്ഥാന പാതയിൽ മംഗലംപാലത്തിന് സമീപമാണ് സംഭവം.
പഴനിയിൽ നിന്ന് തൃശ്ശൂർക്ക് പോവുകയായിരുന്ന തമിഴ്‌നാട് കോർപറേഷന്റെ ബസിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരനായ തൃശ്ശൂർ ആവിണിശ്ശേരി പെരിഞ്ചേരി തെക്കിനിയത്ത് ജെറിൻജോസഫിൽ നിന്നാണ് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന സ്വർണവും പണവും പിടികൂടിയത്. ജെറിൻ ജോസഫിനെ കസ്റ്റഡിയിലെടുത്തു. 34.03 ലക്ഷമാണ് സ്വർണത്തിന് വില കണക്കാക്കുന്നത്. സ്വർണവും പണവും വടക്കഞ്ചേരി പോലീസിന് കൈമാറി. തൃശ്ശൂരിൽ സ്വർണാഭരണങ്ങൾ നിർമ്‍മിച്ച് ജൂവലറികളിൽ വിൽക്കുന്നതിന്റെ ഭാഗമായാണ് ആഭരണങ്ങൾ കൈവശം വെച്ചതെന്ന് ജെറിന്‍ ജോസഫ് എക്‌സൈസ് സംഘത്തോട് പറഞ്ഞു. തൃത്താല എക്‌സൈസ് ഹൈവേ പട്രോൾ ടീമിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്

