അനിശ്ചിതകാല നിരാഹാരത്തിനിടെ കുഴഞ്ഞുവീണ പ്രിൻസിപ്പൽ ആശുപത്രിയിൽ
കൊച്ചി : അന്യായ സ്ഥലം മാറ്റത്തിൽ പ്രതിശേധിച്ച് സഹകരണ കാർഷിക വികസന ബാങ്ക് പരിശീലന കേന്ദ്രം പ്രിന്‍സിപ്പൽ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. അന്യായമായാണ് സ്ഥലം മാറ്റിയതെന്ന് ആരോപിച്ച് പ്രിന്‍സിപ്പൽ സിന്ധു ആർ. നായർ ഇന്നലെ ഉച്ചയോടെയാണ് നിരാഹാരം തുടങ്ങിയത്. പ്രമേഹരോഗിയായ ഇവരുടെ ആരോഗ്യനില രാത്രിയോടെ വഷളായി. കുഴഞ്ഞുവീണതിനെ തുടർന്ന് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലംമാറ്റം പിൻവലിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയാണ് നിരാഹാരം തുടങ്ങിയത്. കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ ട്രെയ്‌നിംഗ് സെന്ററിലെ ഏഴ് ജീവനക്കാർക്ക് സ്ഥലം മാറ്റമുണ്ട്. കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലേക്കാണിതെല്ലാം. ഏപ്രിൽ മൂന്നിന് ബാങ്ക് ജനറൽ മാനേജരുടെ നേതൃത്വത്തിൽ ട്രെയ്‌നിംഗ് സെന്ററിൽ പരിശോധന നടത്തിയിരുന്നുവെന്ന് സിന്ധു പറഞ്ഞു. സെന്ററിന്റെ ഭാഗമായി ഹോസ്റ്റൽ മുറികളുണ്ട്. ഇതിൽ അടഞ്ഞുകിടക്കുന്ന ഒരു മുറിയിലെ അലമാരയിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയെന്നാണ് ആരോപണം. പരിശോധനയ്‌ക്കെത്തിയവർ തന്നെ മുറി അടച്ചുപൂട്ടി.
17−ന് വൈകീട്ട് ഏഴ് മണിയോടെ ഔദ്യോഗിക മെയിലിൽ സ്ഥലം മാറ്റിയെന്ന് അറിയിപ്പ് കിട്ടി. എന്നാൽ, പിറ്റേദിവസം മാനേജിംഗ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ സ്ഥലംമാറ്റം മരവിപ്പിച്ചതായി അറിയിപ്പ് കിട്ടി. ശനിയാഴ്ച 10.45−ന് സ്ഥലംമാറ്റിയെന്നും ഉടൻ ചുമതല ഒഴിയണമെന്നും വീണ്ടും ഉത്തരവ് കിട്ടി. തിങ്കളാഴ്ച ചുമതല ഒഴിഞ്ഞാൽ മതിയെന്ന് ഒരു മണിക്കൂറിന് ശേഷം അറിയിപ്പ് ലഭിച്ചു. പിന്നീടിത് വീണ്ടും മാറ്റി, ഉടൻ ചുമതല ഒഴിയണമെന്നായി. ചെയ്ത കുറ്റമെന്തെന്ന് പോലും വിശദീകരിക്കാതെയാണ് സ്ഥലംമാറ്റമെന്ന് സിന്ധു പറഞ്ഞു.
25 വർഷത്തെ സേവനത്തിനിടയിൽ 13 സ്ഥലം മാറ്റങ്ങൾ കിട്ടി. അവസാന രണ്ട് വർഷം കണ്ണൂരിലായിരുന്നു. എറണാകുളത്തേക്ക് എത്തിയിട്ട് ഒരു വർഷമായതേയുള്ളൂ. പ്രമേഹമുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മറ്റൊരു ജില്ലയിൽ പോയി ജോലി ചെയ്യാവുന്ന അവസ്ഥയിലല്ല ഇപ്പോഴെന്നും സിന്ധു വ്യക്തമാക്കി.

