മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം


കരുവാരക്കുണ്ട്(മലപ്പുറം): വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയയെ തുടർന്നുണ്ടായ ചുഴലിക്കാറ്റിൽ കരുവാരക്കുണ്ട് കനത്ത നാശനഷ്ടം. അരമണിക്കൂറോളം വീശിയടിച്ച ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

അങ്ങാടിച്ചിറയ്ക്കു സമീപം പട്ടിക്കാടൻ ഷൈലേഷ് ഖാന്റെ ഉടമസ്ഥയിലുള്ള വർക്ക്ഷോപ്പ് കെട്ടിടം തകർന്നുവീണ് ഒന്പത് വാഹനങ്ങൾ തകർന്നു. തുവ്വൂർ കാട്ടിൽ ഹാരിസ്, ശ്രീധരൻ, സുനി എന്നിവരുടെ പെയിന്റിങ് കട, കാർ വർക്ക്ഷോപ്പ്, ജീപ്പ് വർക്ക്ഷോപ്പ് എന്നിവ ഇതിൽ പ്രവർത്തിച്ചിരുന്നു. ഈ ഷെഡിൽ അറ്റകുറ്റപ്പണിക്കും മറ്റുമായി ഇട്ടിരുന്ന വാഹനങ്ങളാണ് തകർന്നത്. ഷെഡിൽ പെയിന്റിങ് ജോലി ചെയ്യുകയായിരുന്ന സുനിക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച മറ്റ് വർക്ക്ഷോപ്പുകൾക്ക് അവധിയായതിനാൽ അപകടം ഒഴിവായി. ഷെഡിലുണ്ടായിരുന്ന അഞ്ച് കാർ, മൂന്ന് ബൈക്ക്, ജീപ്പ് എന്നിവയാണ് തകർന്നത്. തെങ്ങുവീണ് സമീപത്തെ സർവീസ് േസ്റ്റഷനും തകർന്നിട്ടുണ്ട്. പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിന്റെ മേൽക്കൂര, പെരിന്തൽമണ്ണ സ്റ്റോറിന്റെ രണ്ടാംനിലയിലെ ഗ്ലാസുകൾ, സീലിങ് എന്നിവയും തകർന്നു. മരുതിങ്ങലിലെ പൊറ്റയിൽ ലത്തീഫിന്റെ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ  പറന്നുപോയി നിലന്പൂർ പെരിന്പിലാവ് സംസ്ഥാന പാതയിൽ പതിച്ചു. അരമണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. വിവിധ ഭാഗങ്ങളിലായി ഇരുപതോളം വൈദ്യുതിത്തൂണുകൾ തകർന്നതോടെ വൈദ്യുതിയും ഇല്ലാതായി.

You might also like

Most Viewed