ഇടത് സർക്കാർ കേരളത്തിൽ ചോരപ്പുഴയും മദ്യപ്പുഴയും ഒഴുക്കുന്നവെന്ന് എം.എം ഹസൻ
വടക്കാഞ്ചേരി : കഴിഞ്ഞ ദിവസം നടന്നഅപ്രഖ്യാപിത ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ ഉണ്ടായ സംഭവത്തിൽ ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസൻ. അക്രമവും അരാജകത്വവും മുഖമുദ്രയാക്കിയ ഇടത് സർക്കാർ കേരളത്തിൽ ചോരപ്പുഴയും, മദ്യപ്പുഴയും ഒഴുക്കുകയാണെന്ന് അദ്ദഹം ആരോപിച്ചു. അക്രമത്തിനും, ഫാസിസത്തിനുമെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജന മോചനയാത്രയ്ക്ക് വടക്കാഞ്ചേരി ഓട്ടുപാറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസൻ.
കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമങ്ങൾക്ക് ഉത്തരവാദി പിണറായി വിജയന്‍റെ പോലിസാണ്. അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും ഒരു മുന്നൊരുക്കവും പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട ഹസൻ സംസ്ഥാനത്ത് കൊലയാളികളുടെ തേർവാഴ്ച്ചയാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ഒരു യുവാവിനെ ഉരുട്ടിക്കൊന്നുവെന്ന വാർത്ത മനുഷ്യ മനഃസാക്ഷിയെ ഞെട്ടിയ്ക്കുന്നതാണ്. പോലീസുകാർ ചുവപ്പ് ഷർട്ടിട്ട് നടക്കുന്നതിൽപരം നാണക്കേട് ഈ നാടിന് സംഭവിക്കാനില്ലെന്നും ഹസ്സൻ കൂട്ടിചേർത്തു. രാജ്യത്തിന്‍റെ സമസ്ത മേഖലയും മോദി സർക്കാർ തകർത്ത് തരിപ്പണമാക്കി. സാന്പത്തികരംഗം കുത്തക മുതലാളിമാർക്ക് തീറെഴുതി നൽകി. കോടികൾ നീരവ് മോദിയും, കൂട്ടരും വെട്ടിച്ചെടുത്തപ്പോൾ രാജ്യം ആവശ്യത്തിന് കറൻസി പോലും ഇല്ലാത്ത നാടായി മാറിയെന്നും ഹസൻ പറഞ്ഞു.
സമ്മേളനത്തിൽ അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ േസ്റ്റഷൻ പരിസരത്ത് നിന്ന് നിരവധി ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെയാണ് യാത്രയെ വാഴാനി റോഡിലെ സമ്മേളനവേദിയിലേക്ക് ആനയിച്ചത്. കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി നിയോജകമണ്ധലത്തിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.എൻ ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഡി.സി.സി പ്രസിഡണ്ട് ടി.എൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പത്മജ വേണുഗോപാൽ, വി. ബൽറാം, എം.പി. ജാക്സൺ, മുൻ ഡി.സി.സി പ്രസിഡണ്ട് പി.എ മാധവൻ , കെ.പി വിശ്വനാഥൻ, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത്, കെ.സി അബു, യു.ഡി.എഫ് ജില്ലാചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി സെക്രട്ടറി എൻ.കെ സുധീർ, ഡി.സി.സി വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ അരങ്ങത്ത്, ഭാരവാഹികളായ ജോണി മണിച്ചിറ, വേണു ഗോപാലമേനോൻ, കെ. അജിത്ത്കുമാർ, കെ.സി. ബാബു, ജിജോ കുര്യൻ, സി.എ ശങ്കരൻ കുട്ടി, പി.വി. നാരായണസ്വാമി, എൻ.ആർ രാധാകൃഷ്ണൻ, തോമസ് പുത്തൂർ, എന്നിവർ പ്രസംഗിച്ചു.