ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കുമുണ്ടെന്ന് റാക്കോ
കൊച്ചി : പക്ഷികൾക്ക് അന്നവും വെള്ളവും നൽകുന്ന പദ്ധതിയുമായി റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ കൗൺസിൽ (റാക്കോ) രംഗത്ത്. ശ്രീമൻ നാരായണൻ മിഷന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടന്നു. പക്ഷികൾക്ക് അന്നവും വെള്ളവും നൽകുന്നതിന് വേണ്ടി പതിനായിരം മൺപാത്രങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. എറണാകുളം ടിഡി അന്പലത്തിന് സമീപം നടന്ന ചടങ്ങിൽ കൗൺസിലർ സുധാ ദിലീപിന് മൺപാത്രം നൽകി പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ലോകത്ത് ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കുമുള്ളതാണെന്നും അതുകൊണ്ട് പക്ഷികൾക്കും ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ശ്രീമൻ നാരായണൻ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ടിഡി അന്പലത്തിന് സമീപം പ്രാവുകൾക്ക് ധാന്യമണികൾ നൽകി. റാക്കോ ജില്ലാ പ്രസിഡണ്ട് കുന്പളം രവി അദ്ധ്യക്ഷത വഹിച്ചു. ഏലൂർ ഗോപിനാഥ്, പി.ആർ പത്മനാഭൻ നായർ, കുരുവിള മാത്യൂസ്, ജലീൽ താനത്ത്, കെ.ജി രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.