മീങ്കരയിലേക്ക് രണ്ട് ദിവസത്തിനകം കുടിവെള്ളം നൽകാമെന്ന് കളക്ടർ
പാലക്കാട് : മീങ്കരയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിന രണ്ട് ദിവസത്തിനകം മീങ്കരഡാമിലേക്ക് വെള്ളംനൽകുമെന്ന് കളക്ടർ ഉറപ്പ് നൽകി. മീങ്കര−ചുള്ളിയാർ ജലസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകി നടത്തിയ ചർച്ചയിലാണ് ഉറപ്പുനൽകിയത്.
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ എന്നീ നാല് പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട മീങ്കരഡാമിൽ 17.8 അടി വെള്ളം മാത്രമാണുള്ളത്. ഇതിൽ 10 അടിയോളം മണ്ണുംചെളിയുമാണ്. നിലവിൽ വിതരണം ചെയ്യുന്ന കുടിവെള്ളം നിറഭേദമുള്ളതും അരുചിയുള്ളതുമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പറന്പിക്കുളംവെള്ളം മീങ്കരഡാമിലേക്കെത്തിച്ചും ജലവിതരണം ഭാഗികമായിരുന്നു.
ഈ ജലവർഷത്തിൽ മീങ്കരയിലേക്ക് പറന്പിക്കുളംവെള്ളം ഒട്ടും ലഭിച്ചിട്ടില്ല. നിലവിൽ പറന്പിക്കുളത്തുനിന്ന് ലഭിക്കുന്ന വെള്ളത്തിൽ കുടിവെള്ളത്തിനായി കന്പാലത്തറ ഏരിയിൽ നിന്ന് വെള്ളം ലഭ്യമാക്കണമെന്ന് സമിതി കളക്ടറെക്കണ്ട് ആവശ്യപ്പെട്ടു. തുടർന്ന്, കളക്ടർ ജലവകുപ്പ് ജോയന്റ് ഡയറക്ടറുമായും എക്‌സിക്യുട്ടീവ് എഞ്ചിനീയറുമായും ഫോണിൽ സംസാരിച്ചാണ് രണ്ട്ദിവസത്തിനകം വെള്ളംനൽകാമെന്ന് ഉറപ്പുനൽകിയത്.
മീങ്കര −ചുള്ളിയാർ ജലസംരക്ഷണ സമിതി രക്ഷാധികാരി ആർ. അരവിന്ദാക്ഷൻ, ചെയർമാൻ്‍ എ.എൻ. അനുരാഗ്, ജനറൽ കൺവീനർ സജേഷ് ചന്ദ്രൻ, കോ−ഓർഡിനേറ്റർ പി. സതീഷ്, ഭാരവാഹികളായ എൻ.ജി.കെ പിള്ള, സക്കീർഹുസൈൻ, ബാലകൃഷ്ണൻ തുടങ്ങിയവരാണ് കളക്ടറെക്കണ്ട് നിവേദനം നൽകിയത്.

