എൻ.സി അസ്താന പുതിയ വിജിലൻസ് ഡയറക്ടർ
തിരുവനന്തപുരം : സംസ്ഥാന വിജിലൻസ് ഡയറക്ടറായി എൻ.സി അസ്താനയെ സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. കഴിഞ്ഞ 11 മാസമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുകയായിരുന്നു. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താന നിലവിൽ ഡൽഹിയിലെ കേരളാ ഹൗസിൽ ഓഫീസ് ഓൺ ഡ്യൂട്ടിയിലാണ്. അദ്ദേഹത്തെ വിജിലൻസ് ഡയറക്ടറാക്കാൻ നേരത്തെ സർക്കാർ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തിൽ തുടരാനാണ് താൽപ്പര്യമെന്ന് അസ്താന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ബെഹ്റ വിവാദം ഉയർന്നു വന്ന സാഹചര്യത്തിലാണ് അസ്താനയിലേക്ക് വീണ്ടും സർക്കാർ എത്തിയത്.
പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര സർക്കാർ അറിഞ്ഞിട്ടില്ലെന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ ബെഹ്റയുടെ നിയമനം വിവദമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്റയെ വിജിലൻസിന്റെ തലപ്പത്ത് എത്തിച്ചതെന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. തുടർന്ന് ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് എന്നിവരെ വിജിലൻസ് ഡയറക്ടർ പദവിയിലേക്ക് സർക്കാർ പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർ പദവി എക്സ് കേഡർ തസ്തികയാക്കി താഴ്ത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മികച്ച ഉദ്യോഗസ്ഥരുടെ അഭാവമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എ.ഡി.ജി.പി പദവിയിലുള്ള ആരെയെങ്കിലും ഈ പദവിയിൽ നിയമിക്കാനായിരുന്നു സർക്കാരിന്റെ ഈ നീക്കം.
അടുത്തിടെ രാഷ്ട്രീയ നേതാക്കൾക്കെതിരായ പല അഴിമതിക്കേസുകളും അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനത്തിനെതിരെ വൻവിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ വിജിലൻസ് ഡയറക്ടറും സർക്കാരും ഏറെ പഴി കേൾക്കുകയും ചെയ്തു.

