ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ
മുക്കം : മുക്കത്ത് ഒരുകോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി മധ്യപ്രദേശ് സ്വദേശി പിടിയിൽ. മധ്യപ്രദേശ് മന്‍സൂർകോത് ബാലി സ്വദേശി റഹീസ് മുഹമ്മദാ(49)ണ് പിടിയിലായത്. അടുത്തകാലത്ത് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കൈവശമുണ്ടായിരുന്ന ബാഗിലും ചെരിപ്പിൽ പ്രത്യേകം തയ്യാറാക്കിയ അറയിലുമാണ് ബ്രൗൺഷുഗർ സൂക്ഷിച്ചിരുന്നത്.
ഇന്നലെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയോരത്ത് മുക്കം പാലത്തിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറേവർഷങ്ങളായി ഇയാൾ കേരളത്തിൽ ബ്രൗണ്‍ഷുഗറിന്റെ മൊത്തക്കച്ചവടം നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തുടനീളം ബ്രൗണ്‍ഷുഗർ വിതരണം ചെയ്യുന്ന ഇയാൾക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ വാഹനങ്ങളും സ്ഥലവും വ്യാപാരവും ഇയാൾക്കുണ്ട്. റഹീസ് മുഹമ്മദിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈ ജയിലിലായിരുന്നു. മധ്യപ്രദേശിൽനിന്ന് കേരളത്തിലേക്ക് വന്‍തോതിൽ മയക്കുമരുന്ന് കയറ്റി അയയ്ക്കുന്നതിൽ സഹോദരന് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കേരളത്തിൽ റഹീസിന് പരിചയമുള്ളവരെപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുക്കത്തും സമീപപ്രദേശങ്ങളിലുമുള്ള കോളേജുകളിലെ വിദ്യാർഥികൾ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് നേരത്തേതന്നെ പരാതി ലഭിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം എസ്.ഐ. കെ.പി. അഭിലാഷ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

