വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ; സമവായ ഫോർമുലയുമായി മന്ത്രി എൻ. ഷംസുദ്ദീൻ കാരന്തൂരിലേക്ക്


ശാരിക

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി. വഖഫ് വിഷയത്തിൽ സമവായത്തിലെത്തിയതായും നിലവിലുള്ള ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.

അനുരഞ്ജന ചർച്ചകളുടെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ നേരിൽ കണ്ട് സമവായ ഫോർമുല ചർച്ച ചെയ്യും. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും എടുത്ത ഇടപെടലുകളാണ് ചർച്ചകൾക്ക് അനുകൂല സാഹചര്യമൊരുക്കിയത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും ഈ നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

പുതിയ ധാരണ പ്രകാരം കാന്തപുരം വിഭാഗം നിർദ്ദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകും. ഇതിനായി നിലവിലെ ബോർഡ് അംഗമായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ബോർഡ് അംഗത്വം രാജിവെച്ചേക്കും. പകരം, കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അവർ ഒഴിയും. നിലവിലെ ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് രാജി വെച്ചതിനുശേഷം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിക്കാനാണ് ധാരണ.

കർശനമായ കാറ്റഗറി മാനദണ്ഡങ്ങൾ പാലിക്കേണ്ടി വന്നതുകൊണ്ടാണ് ചില സംഘടനകളെ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതെന്നും ആരെയും മനഃപൂർവം ഒഴിവാക്കിയതല്ലെന്നും മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി. കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ പ്രതികരിച്ചിരുന്നു. സർക്കാർ തലത്തിൽ സമവായമായതോടെ, ഈ മാസം 22-ന് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ കലക്ടറേറ്റ് മാർച്ച് കാന്തപുരം വിഭാഗം പിൻവലിച്ചേക്കും. കോഴിക്കോട്ട് ചേരുന്ന എ.പി. വിഭാഗം നേതാക്കളുടെ യോഗത്തിന് ശേഷവും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed