ജൂതപ്പള്ളി തീവെപ്പ് കേസ്: നിർണായക മൊഴി നൽകി പ്രതി എബിൻ പോൾ; വീട്ടിൽ നിന്ന് വൻ രാസലഹരി ശേഖരവും കണ്ടെടുത്തു
ശാരിക
കോലഞ്ചേരി: എറണാകുളം മാർക്കറ്റ് റോഡിലുള്ള ജൂതപ്പള്ളി തീവെപ്പ് കേസിൽ നിർണായക മൊഴിയുമായി പ്രതി എബിൻ പോൾ. വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും ഓൺലൈൻ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പ്രതി അന്വേഷണസംഘത്തിന് മൊഴി നൽകി. തീവെക്കാൻ തനിക്ക് 'ബോസ്' എന്നയാളാണ് നിർദേശം നൽകിയതെന്നായിരുന്നു പ്രതി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. വിക്രം ആണോ ഈ ബോസ് എന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
അതിനിടെ, പ്രതിയുടെ വടയമ്പാടി പത്താംമൈൽ ജിഞ്ചർ കൗണ്ടി വില്ലയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴ് ഇനങ്ങളിലായി 105.703 ഗ്രാം വൻ രാസലഹരി ശേഖരം പുത്തൻകുരിശ് പൊലീസ് പിടികൂടി. ഡബ്ല്യു ഹെറോയിൻ, ബി ഹെറോയിൻ, ഓക്സികോഡോൺ, ഫെന്റാനിൽ, അൽപ്രാസോലം, കെറ്റാമിൻ, കെ റോക്ക് തുടങ്ങിയ ലഹരിവസ്തുക്കളാണ് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് കണ്ടെത്തിയത്. പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചില രേഖകളും ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. യഹൂദ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളെക്കുറിച്ചും രാജ്യത്തെ വിവിധ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പ്രതിയുടെ ഫോണിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളോ സംഘടിതമായ ആസൂത്രണമോ ഉണ്ടോയെന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ രണ്ടരക്കാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനോട് ചേർന്നുള്ള നഴ്സറിയുടെ മുൻഭാഗത്ത് തീ കൊളുത്തിയത്. കാറിലെത്തിയ എബിൻ പെട്രോൾ ഒഴിച്ച് തീയിടുന്ന ദൃശ്യങ്ങൾ സ്വയം വിഡിയോയിൽ പകർത്തി ചിലർക്ക് അയച്ചതായും പൊലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ജൂതപ്പള്ളി കത്തിച്ച കേസിന് പുറമേ ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ഇതേ രീതിയിൽ തീയിട്ടതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
േ്ിേ്ി

