വ്യാജ വികലാംഗർക്കെതിരെ നടപടി വേണം : വികലാംഗ അസോസിയേഷൻ
മാനന്തവാടി : പി.എസ്.സി നിയമനങ്ങളിൽ വ്യാജന്മാർ കടന്നുകൂടുന്നതിന് തടയിടണമെന്നും സർക്കാർ സർവ്വീസിലെ മുഴുവൻ വ്യാജ വികലാംഗരേയും പിരിച്ചുവിടണമെന്നും വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യാ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 2008ൽ നിയമസഭാ സമിതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 15 പേരെ വ്യാജന്മാരായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വിവിധ കാലയളവുകളിലായി വനം വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, റവന്യു വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ വ്യാജമാരെ സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.
കോടതി, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, സഹകരണ വകുപ്പ് എന്നിവിടങ്ങളിലെ വ്യാജമാരെ സംരക്ഷിക്കുന്ന നയം മേലുദ്യോഗസ്ഥർ ഒഴിവാക്കണം. കേൾവിയില്ലെന്ന് പറഞ്ഞ് സർവ്വീസിൽ കയറിയ അദ്ധ്യാപകർ ശ്രവണ സഹായി പോലുമില്ലാതെ പഠിപ്പിക്കുന്നത് പൊതുസമൂഹത്തെ വെല്ലുവിളിക്കലാണ്. ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കൺവൻഷൻ വ്യക്തമാക്കി.
മെഡിക്കൽ ബോർഡ് ചേരുന്നതിലെ കാലതാമസം ഒഴിവാക്കുക, എല്ലാസർക്കാർ ഓഫിസുകളും ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യംഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മാനന്തവാടി നഗരസഭാ കൗൺസിലർ ശോഭ രാജൻ ഉദ്ഘാടനംചെയ്തു. ജോർജ് ഇല്ലിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. വിനേഷ് ക്ലാസെടുത്തു. എൻ. അനിൽകുമാർ, കെ.എം. സജി, എം.കെ അനിൽകുമാർ, പി.പി വിജയകുമാരി എന്നിവർ പ്രസംഗിച്ചു.

