കാനത്തിന് മുഖ്യമന്ത്രിയാകാൻ മോഹമെന്ന് സി.പി.എം സമ്മേളനത്തിൽ വിമർശനം

തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാൻ മോഹമാണെന്ന ആരോപണമുയർത്തി സി.പി.ഐ.എം ജില്ലാ സമ്മേളനം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് കാനത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്. സി.പി.ഐ മുന്നണിയിൽ വേണോ വേണ്ടയോ എന്ന കാര്യം മുന്നണി ചർച്ച ചെയ്യണമെന്നും ജില്ലാ സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്ത ത്തെ തകർക്കുന്ന നിലയിലാണ് സി.പി.ഐയുടെ പ്രവർത്തനം. സി.പി.ഐയാണ് ഇപ്പോൾ യഥാർത്ഥ പ്രതിപക്ഷം എന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. നേരത്തെ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിവാദത്തിൽ സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെ സി.പി.ഐ.എം നേതാക്കൾ തള്ളിപ്പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം.
ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഗ്രൂപ്പ് ചർച്ചകളിലും സി.പി.ഐക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സി.പി.ഐയുടെ സ്ഥാനാർത്ഥികളെ ഇനി വിജയിപ്പിക്കണോ എന്ന കാര്യത്തിൽ വരെ ചർച്ചയുണ്ടായി. അടൂർ എം.എൽ.എയായ ചിറ്റയം ഗോപകുമാർ ഇനി തിരഞ്ഞെടുപ്പിൽ നിന്നാൽ വിജയിപ്പിക്കില്ലെന്ന പരാമർശമായിരുന്നു പന്തളം ഏരിയാ കമ്മറ്റി ഉയർത്തിയത്. അതേസമയം പത്തനംതിട്ടയിൽ പാർട്ടിയിലെ വിഭാഗീയത പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുയർന്നു.