പഞ്ചിംഗി­ല്ലാ­തെ­ ശന്പളമി­ല്ല : സെ­ക്രട്ടേ­റി­യറ്റ് ജീ­വനക്കാ­ർ­ക്ക് നി­ർ­ദ്ദേ­ശവു­മാ­യി­ സർ­ക്കാ­ർ


തിരുവനന്തപുരം : പുതുവർഷം മുതൽ പഞ്ച് ചെയ്ത് ജോലിക്ക് കയറാത്ത സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ശന്പളം നൽകില്ലെന്ന് സർക്കാർ ഉത്തരവിറക്കി. ജനുവരി ഒന്നു മുതൽ ഓഫീസിൽ വരുന്പോഴും പോകുന്പോഴും പഞ്ചിംഗ് നടത്താത്തവർക്ക് ശന്പളം നൽ‍കില്ലെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ‍ സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലറിൽ അറി   യിച്ചു.

രാവിലെ 10.15 മുതൽ‍ വൈകീട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ആഴ്ചയിൽ മൂന്ന് ദിവസം വരെ രാവിലെ 9.30 മുതൽ‍ 5.30 വരെ ജോലി സമയം അനുവദിക്കും. എന്നാൽ ഏഴു മണിക്കൂർ ജോലി നിർബന്ധമായും ചെയ്തിരിക്കണം. വൈകീട്ട് ജോലി അവസാനിക്കുന്ന സമയമായ 5.15 ന് മുന്പ് പോകുന്നവർ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് സർക്കുലറിൽ പറയുന്നു. പഞ്ചിംഗിന് അനുവദിച്ചിരിക്കുന്ന 10 മിനുട്ട് ഗ്രേസ് ടൈമിന് പകരം മാസത്തിൽ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിക്കും. ഗ്രേസ് ടൈം പരിധി അവസാനിച്ചാൽ മൂന്ന് ദിവസം താമസിച്ച് വരുന്നതിനും മൂന്ന് ദിവസം നേരത്തെ പോകുന്നതിനും ഓരോ കാഷ്വൽ ലീവ് വീതം കുറവ് വരുത്തുമെന്നും സർക്കുലർ‍ വ്യക്തമാക്കുന്നു.

ആഭ്യന്തരവകുപ്പിൽ നിന്ന് ജനുവരി അഞ്ചുമുതൽ പുതിയ ലാന്‍യാഡും കാർഡ് ഹോൾഡറും കൈപ്പറ്റണം. പഞ്ചിംഗ് മെഷീനിലൂടെ ഹാജർ രേഖപ്പെടുത്താനാകാത്തവർ നോർത്ത് ബ്ലോക്കിലെ 117 റൂമിലെ കെൽട്രോണിന്റെ സെല്ലുമായോ, സൗത്ത് ബ്ലോക്കിലെ ഒന്നാം നിലയിലെ സെല്ലുമായോ നേരിട്ട് ബന്ധപ്പെട്ട് ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതാണെന്നും സർക്കുലർ നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചിംഗ് സോഫ്റ്റ്്വെയറിനെ ജീവനക്കാരുടെ ശന്പള വിതരണ സോഫ്റ്റ്്വെയറായ സ്പാർ‍ക്കുമായി ബന്ധിപ്പിച്ചാണ് പഞ്ചിംഗ് നടപ്പാക്കുന്നത്.

അതേസമയം, സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് നടപ്പിലാക്കുന്ന പഞ്ചിംഗ് തങ്ങൾക്ക് ബാധകമാക്കാനാവില്ലെന്ന വാദവുമായി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർരംഗത്തു വന്നു. എന്നാൽ പ്രൈവറ്റ് സെക്രട്ടറിമാരും നിർബന്ധമായി പഞ്ചിംഗ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഇതിനെ തുടർന്ന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ അടിയന്തര യോഗം ഇന്നലെ വിളിച്ചുചേർത്തു. പഞ്ചിംഗ് വിഷയത്തിൽ അന്തിമ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ജയരാജൻ‍ യോഗത്തിൽ പറഞ്ഞത്.

You might also like

Most Viewed