ഓഖി : പുനരധിവാസത്തിന് 100 കോടിയുടെ പദ്ധതി-യുമായി ലത്തീൻ അതി

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ പുനരധിവാസത്തിന് 100 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുന്പോൾ മരിച്ചവരുടെ ഓർമയ്ക്കായി അതിരൂപത സംഘടിപ്പിച്ച പ്രാർഥനാസംഗമത്തിൽ ദിവ്യബലി അർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തിന് കാരണം ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയാണെങ്കിലും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കടലിൽ പോകുന്നവരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഇനിയെങ്കിലും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 20 കോടി വിലവരുന്ന അഞ്ച് ഏക്കർ സ്ഥലത്ത് ഓരോ വർഷവും 10 കോടി ചെലവിൽ ടൗൺഷിപ്പ് നിർമ്മിക്കും. ആദ്യഘട്ടമായി 100 വീടുകൾ നിർമ്മിച്ചു നൽകും. മരിച്ചവരും കാണാതായവരുമായി അതിരൂപതയിൽ 298 പേരുണ്ട്. അതിരൂപതയുടെ പുനരധിവാസ പദ്ധതികൾ കേന്ദ്ര−സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾക്ക് സമാന്തരമോ പകരമോ അല്ല. സർക്കാരിൽ നിന്നുള്ള സഹായം അർഹിക്കുന്നവർക്ക് കിട്ടണം. ദുരന്തസമാനമായ സാഹചര്യത്തിൽ കഴിയുന്നവർക്കും സർക്കാർ സഹായം ലഭിക്കാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും ഡോ. സൂസപാക്യം പറഞ്ഞു.
അതിരൂപതാ സഹായമെത്രാലൻ ക്രിസ്തുദാസ്, മലങ്കരസഭ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ, പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ ദിവ്യബലിയിൽ പങ്കെടുത്തു.